kaathirippu...

kaathirippu...

Tuesday, December 12, 2017

ഒരു നൊസ്റ്റാൾജിക്ക് മധുരം


ചിലതുണ്ട്, കാണാമറയത്തേക്കു മായുമ്പോൾ മധുരം കൂടുന്ന ചിലത്.. ഒരിക്കൽ കൂടി കാണാനും കേൾക്കാനും ആസ്വദിക്കാനും ഒക്കെ കൊതിപ്പിക്കുന്ന ചിലത്...

ഇഷ്ടത്തേക്കാൾ വലിയ എന്തോ ഒന്നുണ്ട്, ഇതിനോടൊക്കെ, ഇവയോടൊക്കേ.. ഒരു തൂവലുപോലേ പാറി ഒഴുകി നടക്കണം, ഒരിക്കൽ കൂടി എന്റെയീ ഇഷ്ടങ്ങളിലൂടെ...

അകലെ അകലെ എന്റെ നാടിന്റെ ഈർപ്പമുള്ള മണ്ണിൽ നിന്നും തുടങ്ങണം.. മഴ നനഞ്ഞ് കിടക്കുന്ന മണ്ണിൽ ചവിട്ടി ചളി തെറുപ്പിച്ച് ഒറ്റയ്ക്ക് ഓടി കളിച്ചു നടന്നിരുന്ന ആ കുട്ടിയെ കാണണം... മഴയിൽ കുളിച്ചു നിൽക്കുന്ന ഗന്ധർവ്വരാജന്റെ ചില്ലയിൽ പിടിച്ചുകുലുക്കി പൂക്കളെയും മഴത്തുള്ളികളേയും ഏറ്റുവാങ്ങി കുതിർന്നു നിന്നിരുന്ന ആ കുട്ടിയേ...

തൊടിയിലൂടെ അമ്മമ്മയുടെ വാലായ് നടന്ന് പേരയ്ക്കയും കണ്ണിമാങ്ങയും നെല്ലിക്കയും ഒക്കെ കൈയിൽ ഒതുക്കിരുന്നത്... പറമ്പിലേ ഇടയ്ക്കുള്ള സന്ദർശകനായി അധികാരത്തോടെ ഇഴഞ്ഞു നീങ്ങുന്ന മഞ്ഞ ചേരയേ കണ്ട് നിലവിളിച്ച് ഓടിയിരുന്നത്... ഇതു വരെ കണ്ടിട്ടില്ല എങ്കിലും അതിരിന്റെ അറ്റത്തുള്ള മുളങ്കൂട്ടിൻ ചുവടെ ഒളിഞ്ഞിരിക്കുന്ന അണലി പാമ്പിനെ പേടിച്ചിരുന്നത്.. പകുതി പേടിയും പകുതി ഭക്തിയും ചേർന്ന് കാവിലും രക്ഷസ്സിനും തൊഴുകൈയോടെ നിന്നിരുന്നത്.. പൂജയ്ക്ക് ഒടുവിൽ പായസവും അപ്പവും അയൽപക്കത്തേക്കു പങ്കുവച്ചിരുന്നത്... ഒരുമിച്ചിരുന്നു കഴിച്ചിരുന്നത്... അങ്ങനെ അങ്ങനെ പലതും!!

മുക്കുറ്റി മഞ്ഞയെ ഇഷ്ടമുള്ള, മുടിയിൽ ചൂടുന്നതിനേക്കാൾ മുറ്റത്തു പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപൂക്കളെ സ്നേഹിച്ചിരുന്ന, തോട്ടിലേക്ക് കാലിട്ടിരുന്നു കുഞ്ഞുമീനുകളോട് കൂട്ടുകൂടിയിരുന്ന ആ കുട്ടിയെ കാണണം...

മഴയെ തോൽപ്പിക്കാൻ വരമ്പത്തുടെ ഓടി ഒടുവിൽ മഴ തോൽപിച്ച്  ,ആകെ നനഞ്ഞു,  വീട്ടിൽ കയറുമ്പോൾ കേട്ടിരുന്ന ചീത്തയുടെ കുളിരോർമ്മകൾ.. പനിച്ചൂടിൽ കിടക്കുമ്പോൾ കിട്ടിരുന്ന പൊടിയരി കഞ്ഞിയുടെ സ്വാദുള്ള ചൂടൊർമ്മകൾ.. മുറ്റത്തു തലയെടുപ്പോടെ നിൽക്കുന്ന ആ ഒറ്റമരം, ആ നെല്ലിമരത്തിൻ ചുവടെ കൂട്ടി വച്ച ഒരുപിടി തണലോർമ്മകൾ...

ഇന്നില്ല, ഉണ്ടോ എന്നുറപ്പില്ല പലതും.. അന്യമായ് തീർന്ന സ്വന്തങ്ങൾ!!! ചിലർ മണ്ണിന്റെ നനവിലേക്കിറങ്ങിരിക്കുന്നു.,ഒരു പിടി ചാരമായ്.. മുല്ല പൂക്കാൻ മറന്നു പോയിരിക്കുന്നു.. ഓടി കളിച്ച മുറ്റത്തിലും തൊടിയിലും കാടുകയറിയിരിക്കുന്നു.. തോട് വറ്റി പോയിരിക്കുന്നു... പാടവരമ്പുകളും അപ്രത്യക്ഷം.. എങ്കിലും നിൽപ്പുണ്ട് ആരേയോ കാത്ത് എന്റെ നെല്ലിമരം ഇപ്പോഴും, തല ഉയർത്തി തന്നെ...!

സമയം ആർക്കും പിടി തരാതെ ഓടികൊണ്ടേയിരിക്കുമ്പോൾ വന്നു ചേരുന്നുണ്ട്, പലതും പിന്നെയും ഓർമ്മകളായ്. ഇന്നിപ്പോ യാത്ര പറയാൻ പോലും സമയമില്ലാതെ അകന്നു പോവുന്ന ബന്ധങ്ങളും നാളെ കഥകളാകും, ഓർമ്മകളാകും..
തിരിച്ചറിവാണ്,അന്നത്തെ വളപ്പൊട്ടുകൾക്കും പാദസരകിലുക്കത്തിനും ഇന്ന് തിളക്കം കൂടുതലുണ്ട്. ചിലത് അങ്ങനെയാണ്, അകന്നു കഴിയുമ്പോൾ,സ്വന്തമല്ലാതെയാവുമ്പോൾ മധുരം തോന്നും.
നഷ്ടബോധം കലർന്ന മധുരം.
 ചവർപ്പു കലർന്ന മധുരം.
നല്ല നാടൻ നെല്ലിക്കയുടെ മധുരം!!!