ചില നേരങ്ങളുണ്ട്, ...നിറഞ്ഞു വരുന്ന കണ്ണുകളെ മറച്ചു വച്ചു കൊണ്ട് ചിരിച്ചുകൊണ്ടിരിക്കേണ്ട നേരങ്ങൾ.. ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിക്കുമ്പോഴും മനസ്സ്, ഒപ്പം വരാൻ കൂട്ടാക്കാത്ത നേരങ്ങൾ.
ചില മുറിവുകളിൽ കൈ തട്ടുമ്പോൾ വേദനയ്ക്കപ്പുറം പൊന്തി വരുന്ന ഒരു നീറ്റലില്ലേ... അത്തരം പിടികിട്ടാത്ത ഏതോ മുറിവിലും നീറ്റലിലുമായി പിടയുന്നുണ്ട് മനസ്സ്..!
ആകാശത്തോളം സ്നേഹം നൽകി, അത്ര തന്നെ സ്ഥാനവും നൽകി ഞാൻ ചേർത്തുവച്ച പലതും.. ഇന്ന്, അത്രത്തോളം അകലത്തിലേക്ക് പോയിരിക്കുന്നു. ഓർത്തിരിക്കുന്നതിലും എളുപ്പം മറന്നു വയ്ക്കലാണെന്ന് കാലം വീണ്ടും തെളിയിക്കുന്നു. തിരക്കിൽ നിന്നും തിരക്കിലേക്കുള്ള യാത്രയിലാണത്രേ പലരും പലതും മറന്നു തുടങ്ങുന്നത്.ഈ തിരക്കുകൾ അന്യമായതു കൊണ്ടാവാം ഓർമ്മകളുടെ പെരുമഴ എനിക്കു ചുറ്റും പെയ്തിറങ്ങുന്നത്.
വാക്കുകൾക്കതീതമായ് ചങ്കിൽ എന്തോ വേദനയോടെ തടഞ്ഞു നിന്നിട്ടുണ്ടോ? നെഞ്ചിനകത്തു സൂചിമുന പോലെ എന്തോ തറച്ചു നിന്നിട്ടുണ്ടോ? എത്ര വിലക്കിട്ടും, കണ്ണുകൾ അറിയാതെ നിറഞ്ഞിട്ടുണ്ടോ? ഒരുപാടങ്ങ് ദേഷ്യപ്പെട്ട് ഒടുവിൽ ഒരു പൊട്ടിക്കരച്ചിലിൽ സ്വയം തളർന്ന് വീണുപോയിട്ടുണ്ടോ?
ഒരിക്കൽ എങ്കിലും ഇത്തരം നീറ്റലുകൾ നമ്മളെ തേടി വന്നിട്ടില്ലേ, ഒരു ചിരിയിലോ ഇല്ല എന്നൊരു ഉത്തരത്തിലോ ഒരു പക്ഷേ നമ്മൾ മറച്ചുവയ്ക്കുന്ന ചില ഓർമ്മകൾ !! സ്വയം ആരെന്നും എന്തെന്നും തിരിച്ചറിയുന്ന നേരങ്ങൾ! എപ്പോഴോക്കെയോ ഒന്നുമല്ലായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്ന നിമിഷങ്ങൾ..!!
മനസ്സിന്റെ ഇരുണ്ട ഒളിയിടങ്ങളിൽ ഓർമ്മകൾ ആർത്തലച്ചു പെയ്യുന്നുണ്ട്.. ഒന്നുമില്ലാ എന്ന പതിവു മറുപടി പറഞ്ഞ്, പുറത്തെ മഴക്കാഴ്ചകളിലേക്ക് നോക്കി ഞാനും നിൽക്കുന്നുണ്ട്..!!
സവിത മനസിജൻ.