kaathirippu...

kaathirippu...

Tuesday, April 21, 2020

കൂട്ട്

കൂട്ട്.
🖋️ സവി.

ഇടയ്ക്കിടെ വന്ന് എത്തി നോക്കുന്ന ചില ഓർമ്മകളുണ്ട്. അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഞാൻ പകർത്താൻ ശ്രമിക്കുന്ന ചിലത്. കാരണം പോലുമറിയാതെ അകന്നു പോയവരെ പറ്റി, അവർ തന്ന ഇന്നലകളെ പറ്റി , പിന്നെ സ്വന്തം കാര്യത്തിന്, ഒരു നേരമ്പോക്കു പോലെ, ഒക്കെ സൗഹൃദത്തെ കണ്ട ചിലരെ പറ്റി ഇടയ്ക്ക് എഴുതി വച്ചിട്ടുണ്ട്. ഏല്പിച്ച വേദനയുടെ കാഠിന്യമാവാം, ഏറ്റ മുറിവിന്റെ ആഴമാവാം എന്നും ഓർമ്മകളിൽ വ്യക്തമായി വരുന്നത് ഇവരായിരുന്നു.

ഇന്ന്, മറിച്ചൊന്നു ചിന്തിക്കുന്നു.

ഒരുപാട് മനസ്സ് വിഷമിച്ച് ആരോടും ഒന്നും മിണ്ടാൻ പോലും തോന്നാതെ ഇരിക്കുന്ന ചില നിമിഷങ്ങൾ, കാരണമറിയാത്ത ദേഷ്യവും സങ്കടവും ഉള്ളിൽ തിളച്ചുമറിയുന്ന നിമിഷം - ആ നേരത്ത് തേടിയെത്തുന്ന ഒരു ഫോൺ കോൾ/
മെസേജ് . താല്പര്യമില്ലായ്മയിൽ തുടങ്ങിട്ടും ചിരിച്ചു പോകുന്ന സംഭാഷണങ്ങൾ . മറുപടികളെക്കാൾ മിന്നിമായുന്ന മുഖഭാവങ്ങൾ. ഒത്തിരി ചിരിപ്പിച്ച്, തല്ലു കൂടി ഒടുവിൽ റ്റാറ്റ പറയുന്നതൊടൊപ്പം ചേർക്കുന്ന ഒരു വരിയുണ്ട് - "കാര്യവും കാരണവുമറിയണ്ട , നീ ഓഫ് ആവാതെ ചിരിച്ചിരിക്ക്. വേദനിപ്പിക്കുന്നതെന്തായാലും വിട്ടുകള. " ഈ ഒരു സംഭാഷണം നൽക്കുന്ന സന്തോഷം, എനർജി . മനസ്സ് ശാന്തമാവുന്ന നല്ല നേരം !! Blessing ❤

ഇനി അടുത്തത്, വളരെ നന്നായി അറിയുന്നവർ . ഉള്ളിലെ ചെറിയ മുറിവുകൾ പോലും കണ്ടവർ. കൂടെ നിന്ന് വാക്കുകളാൽ തരുന്ന സാന്ത്വനം.. ഇരുളിൽ ചുറ്റും മെഴുകുത്തിരിയായ് എരിഞ്ഞവർ . വിഷാദചുഴിയിൽ വീഴും മുൻപ് കൈകോർത്തുപിടിച്ചവർ. ധൈര്യം തന്ന് തണലായവർ..!! Blessing ❤

എന്തു പറയണം എന്നറിയില്ല.. പക്ഷേ മുന്നോട്ടു പോവാനാവാതെ നിന്നപ്പോഴൊക്കെ അകലങ്ങളിൽ നിന്ന് ചേർത്തുപിടിച്ചത് ഈ കൂട്ട് തന്നെയാണ്. കരഞ്ഞു പോയപ്പോൾ ആദ്യശ്യമായ് ചുമലുകളുമായ് ചേർന്നു നിന്നും .. വാക്കുകൾ കൊണ്ട് കണ്ണീരൊപ്പി, പതിയെ ചിരിപ്പിച്ചും,കഥ പറഞ്ഞ് കൂട്ടിനെത്തിയവർ… ഓർമ്മകളിലും വസന്തം തീർത്തവർ - എന്നിലെ എന്നെ അറിയുന്നവർ.
നന്ദിയും കടപ്പാടും പറയില്ല. ജീവിച്ചു എന്നു തോന്നിയ ഓരോ നിമിഷങ്ങളിലും നിങ്ങളുണ്ട്, ഇനിയും ഉണ്ടാകും.
നിറയേ സ്നേഹം മാത്രം❤❤

🖋️ സവിത രേണു.
💙Savi💙

Thursday, April 2, 2020

ശിശിരക്കാലം.

ശിശിരക്കാലം.

"Autumn is a second spring, when every leaf is a flower."
Albert Camus

പ്രണയം നൽകിയ നനുത്ത പുഞ്ചിരിയോടെ ഒരുപാടു വട്ടം അവൾ ആ വരികളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. ഇലകൾ കൊഴിഞ്ഞു വീഴുന്ന ശരത്കാലത്തിന്റെ അവശേഷിപ്പുകൾ. നിറവും മധുരവും ലഹരിയായ പ്രണയത്തിന്റെ കണ്ണിലൂടെ മാത്രമവൾ കാഴ്ചയെ തേടി. എല്ലാം സുന്ദരം!!!

നിറം പകർന്നു തുടങ്ങിയ ഇലകൾ പോലും പൂക്കളാകുന്ന മാജിക്ക്. പൂക്കളിൽ പ്രിയപ്പെട്ടതെന്നവൾ ഓർത്തു. വാടാമല്ലി പൂക്കൾ !! ഇഷ്ടം ആ നിറത്തോട് മാത്രമല്ല, മറ്റു പൂക്കൾ പോലെ ഇതളടർത്താൻ പാടാണ് ഈ പൂവിന്റെ.
" അതുപോലെയാവട്ടെ നമ്മളും, അടർത്തിമാറ്റാനാവാതെ… "
പൂർത്തിയാക്കാതെ പറഞ്ഞു നിർത്തിയവൾ നോക്കി,
വിടർന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. എന്നുമതെ , അവൾ ഒത്തിരി മിണ്ടും, മറുപടികളധികവും പുഞ്ചിരിയാവും.

ശരത്തിൽ നിന്നും ശിശിരത്തിലേക്ക് കാലത്തിന്റെ പ്രയാണം.
" ഒരു താഴ്വാരം ! അതിൽ നിറയേ വാടാമല്ലി പൂക്കൾ !
അവിടെ നിന്നുകൊണ്ട്, ഉദയവും അസ്തമനവും കാണണം. പിന്നെ കൈകൾ കോർത്തുപിടിച്ചു കുറേ നടക്കണം. മഞ്ഞുക്കാറ്റിനെ പുണർന്നു ഒരുപാട് സംസാരിക്കണം. നിലാവിനെ നോക്കി കിടന്ന്, നക്ഷത്രങ്ങളെ കണ്ട്- നീയും ഞാനും മാത്രമാണീ ലോകമെന്നുറക്കേ പറയണം " .
പതിവു മറുപടിയില്ല. ഈയിടയായി അതു പ്രതീക്ഷിക്കാറുമില്ല.

 സ്വപ്നത്തിൽ ഞാനാ താഴ്വാരം കണ്ടു. ഒപ്പം ഏറേ ദൂരം നടന്നു. കൈകൾ നീട്ടി പിടിക്കവേ, പൊടുന്നനെ മഞ്ഞിന്റെ കനം കൂടി വന്നു. ഒടുവിൽ ആ ആവരണത്തെ തട്ടി മാറ്റി കൈകളിലേക്ക് നോക്കവേ, നിറയേ രക്തം പൊടിഞ്ഞിരുന്നു. കണ്ണിൽ പടർന്ന നനവിനും ചോരയുടെ ഗന്ധം മാത്രം.

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


വർഷങ്ങൾ വേണ്ടി വന്നിരിക്കുന്നു, വീണ്ടും തൂലികയെടുക്കാൻ. ഇതിൽ പിറന്ന അവസാനത്തെ വാക്ക്, നിന്റെ പേരായിരുന്നു. ഇന്നിപ്പോൾ, ഒരു മടക്ക യാത്രയിലാണ് , ഒഴിഞ്ഞുമാറാൻ കഴിയാത്ത യാത്ര. നിറങ്ങളില്ലാതെ, പൂക്കളായ് രൂപപെടാതെ, ഇലകൾ കൊഴിഞ്ഞു വീഴുന്നുണ്ട്. വാടാമല്ലി പൂക്കൾ ഉണങ്ങി തുടങ്ങിയിരിക്കുന്നു , നട്ടു നനക്കാൻ ആരുമില്ലാഞ്ഞിട്ടാവും.

ഇതും ശിശിരമാണ്. മഞ്ഞുക്കാറ്റിന്റെ ശീൽക്കാരം നിറഞ്ഞ ശിശിരക്കാലം. പ്രിയപ്പെട്ട ഈ കാലത്തിനെ ഞാനെന്തു പേരിട്ടു വിളിക്കും? നിന്റെ പേരല്ലാതെ മറ്റെന്ത് ഞാനിതിനു നൽകും.

ഈ തണുപ്പിനെ ഉരുക്കി മാറ്റി വേനലിനു വന്നേ പറ്റൂ. ഇതു കാലത്തിന്റെ വ്യവസ്ഥ. പൊള്ളി പിടയുന്ന വേനലാണിപ്പോൾ മനസ്സിൽ. എങ്കിലും തോറ്റുപോയിട്ടില്ലെന്നുറപ്പിക്കാൻ വാടാത്ത ഒരു പുഞ്ചിരിയെന്റെ അധരങ്ങളിൽ സൂക്ഷിക്കും.

ഒരു ചിരിയോടെ, അവൾ ആ വരികളിലൂടെ വീണ്ടും വിരലോടിച്ചു.

"In the depth of winter, I finally learned that within me there lay an invincible summer"
Albert Camus


Savitha Renu
Savi-nair.blogspot.com

Friday, October 4, 2019

ചില ചിന്തകൾ - എന്റെ ഭ്രാന്തൻ ചിന്തകൾ!

നിശബ്ദതയെക്കാൾ വലിയൊരു മറുപടിയില്ലത്രേ.. എത്രയോ തവണ യോജിച്ച കാര്യം തന്നെയാണ്. മിണ്ടാതെ ഇരുന്നിട്ടുണ്ട്, മനസ്സിൽ ചില നീറ്റലുകൾ പൊടിയുമ്പോൾ..
ചില സ്വപ്നങ്ങളിൽ നമ്മൾക്ക് ഒരുപാട് അടുപ്പമുള്ളവർ അതിഥികളായ് എത്താറില്ലേ.. ചിലർ നമ്മൾ എന്നും മിണ്ടുന്നവർ, ചാറ്റ് ബോക്സിൽ യുദ്ധം ചെയ്യുന്നവർ, മറ്റു ചിലരെ നേരിട്ടു കണ്ടിട്ടും സംസാരിച്ചിട്ടും എന്തിന്, ഒരു ഫോൺ വിളിയും മെസേജും പോലും ഇല്ലാതായിട്ട് കാലങ്ങളായ് കാണും. എന്നിട്ടും സ്വപ്നങ്ങളിൽ നമ്മൾ വാതോരാതെ സംസാരിക്കും, പിണങ്ങും, ചേർന്നു നിൽക്കും, യാത്ര പോവും... ഉറക്കം വിട്ടുണരുമ്പോൾ ഒരുപാടവരെയങ്ങ് മിസ്സ് ചെയ്യും.എന്നാലും ഒരു ഫോൺ വിളിച്ചു നോക്കാൻ നമ്മൾ മടിക്കും. പിന്നെയാവാം എന്ന് വെറുതേ തിരക്കഭിനയിക്കും.  എന്നിട്ട്,നമ്മൾ കാത്തിരിക്കും മറ്റൊരു സ്വപ്നത്തിൽ വീണ്ടും കണ്ടുമുട്ടാൻ.
 ഒരു ദിവസം ഉറക്കം വിട്ടു എണീക്കുമ്പോൾ, അവരിനിയില്ല എന്നറിയുമ്പോൾ, നമ്മൾ നമ്മളെ തന്നെ മറന്നു പോവും.. ചിലപ്പോൾ ഉറക്കേ കരയും, ചിലപ്പോൾ കണ്ണീർ നനവു പടരും. വാക്കുകൾക്കായ് നാം പരതും, തൊണ്ടയിൽ എന്തോ ഇങ്ങനെ തടഞ്ഞു നിൽക്കും.. ഒരിക്കൽ കൂടി കാണാൻ വെറുതേ ആശിക്കും.
ഗാലറിയിലെ ഫോട്ടോ തപ്പിയെടുക്കുമ്പോൾ വല്ലാത്തൊരു തിളക്കം തോന്നും. പഴയ നിമിഷങ്ങൾ മനസ്സിലിങ്ങനെ ഓടി നടക്കും. നീരസത്തോടെ, തെല്ലൊരു മടുപ്പോടെ, പണ്ടു വായിച്ചിട്ടും മറുപടി
കൊടുക്കാതിരുന്ന മെസേജുകളിലേക്ക് കണ്ണു പോകും.അവ്യക്തമായ കാഴ്ച്ചകളും ശൂന്യതയും ചുറ്റും പടരും. ഒരിക്കൽ പറഞ്ഞൊഴിഞ്ഞ ' തിരക്കുകൾ ' നമ്മേ തിരക്കി വരാതാകും.ഇനിയൊരിക്കലും നമ്മേ തേടിയെത്താത്ത ആ ശബ്ദത്തെ നാം ഒത്തിരിയങ്ങ് സ്നേഹിക്കും.
ആ നിശബ്ദതയും ഒരു മറുപടിയാണ്. മറന്നു വച്ചതിനുള്ള മറുപടി.
ചോദ്യങ്ങളും ഉത്തരങ്ങളുമില്ലാതെ കാലം മുന്നോട്ടു പോയ്ക്കൊണ്ടേയിരിക്കും.. നമ്മളും !!!

സവിത രേണു.

Wednesday, June 12, 2019

ഓർമ്മപെയ്ത്ത്..


ചില നേരങ്ങളുണ്ട്, ...നിറഞ്ഞു വരുന്ന കണ്ണുകളെ മറച്ചു വച്ചു കൊണ്ട് ചിരിച്ചുകൊണ്ടിരിക്കേണ്ട നേരങ്ങൾ.. ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിക്കുമ്പോഴും മനസ്സ്, ഒപ്പം വരാൻ കൂട്ടാക്കാത്ത നേരങ്ങൾ.
ചില മുറിവുകളിൽ കൈ തട്ടുമ്പോൾ വേദനയ്ക്കപ്പുറം പൊന്തി വരുന്ന ഒരു നീറ്റലില്ലേ... അത്തരം പിടികിട്ടാത്ത ഏതോ മുറിവിലും നീറ്റലിലുമായി പിടയുന്നുണ്ട് മനസ്സ്..!

ആകാശത്തോളം സ്നേഹം നൽകി, അത്ര തന്നെ സ്ഥാനവും നൽകി ഞാൻ ചേർത്തുവച്ച പലതും.. ഇന്ന്, അത്രത്തോളം അകലത്തിലേക്ക് പോയിരിക്കുന്നു. ഓർത്തിരിക്കുന്നതിലും എളുപ്പം മറന്നു വയ്ക്കലാണെന്ന് കാലം വീണ്ടും തെളിയിക്കുന്നു. തിരക്കിൽ നിന്നും തിരക്കിലേക്കുള്ള യാത്രയിലാണത്രേ പലരും പലതും മറന്നു തുടങ്ങുന്നത്.ഈ തിരക്കുകൾ അന്യമായതു കൊണ്ടാവാം ഓർമ്മകളുടെ പെരുമഴ എനിക്കു ചുറ്റും പെയ്തിറങ്ങുന്നത്.

വാക്കുകൾക്കതീതമായ് ചങ്കിൽ എന്തോ വേദനയോടെ തടഞ്ഞു നിന്നിട്ടുണ്ടോ? നെഞ്ചിനകത്തു സൂചിമുന പോലെ എന്തോ തറച്ചു നിന്നിട്ടുണ്ടോ? എത്ര വിലക്കിട്ടും, കണ്ണുകൾ അറിയാതെ നിറഞ്ഞിട്ടുണ്ടോ? ഒരുപാടങ്ങ് ദേഷ്യപ്പെട്ട് ഒടുവിൽ ഒരു പൊട്ടിക്കരച്ചിലിൽ സ്വയം തളർന്ന് വീണുപോയിട്ടുണ്ടോ?
ഒരിക്കൽ എങ്കിലും ഇത്തരം നീറ്റലുകൾ നമ്മളെ തേടി വന്നിട്ടില്ലേ, ഒരു ചിരിയിലോ ഇല്ല എന്നൊരു ഉത്തരത്തിലോ ഒരു പക്ഷേ നമ്മൾ മറച്ചുവയ്ക്കുന്ന ചില ഓർമ്മകൾ !! സ്വയം ആരെന്നും എന്തെന്നും തിരിച്ചറിയുന്ന നേരങ്ങൾ! എപ്പോഴോക്കെയോ ഒന്നുമല്ലായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്ന നിമിഷങ്ങൾ..!!

മനസ്സിന്റെ ഇരുണ്ട ഒളിയിടങ്ങളിൽ ഓർമ്മകൾ ആർത്തലച്ചു പെയ്യുന്നുണ്ട്.. ഒന്നുമില്ലാ എന്ന പതിവു മറുപടി പറഞ്ഞ്, പുറത്തെ മഴക്കാഴ്ചകളിലേക്ക് നോക്കി ഞാനും നിൽക്കുന്നുണ്ട്..!!

സവിത മനസിജൻ.

Tuesday, December 12, 2017

ഒരു നൊസ്റ്റാൾജിക്ക് മധുരം


ചിലതുണ്ട്, കാണാമറയത്തേക്കു മായുമ്പോൾ മധുരം കൂടുന്ന ചിലത്.. ഒരിക്കൽ കൂടി കാണാനും കേൾക്കാനും ആസ്വദിക്കാനും ഒക്കെ കൊതിപ്പിക്കുന്ന ചിലത്...

ഇഷ്ടത്തേക്കാൾ വലിയ എന്തോ ഒന്നുണ്ട്, ഇതിനോടൊക്കെ, ഇവയോടൊക്കേ.. ഒരു തൂവലുപോലേ പാറി ഒഴുകി നടക്കണം, ഒരിക്കൽ കൂടി എന്റെയീ ഇഷ്ടങ്ങളിലൂടെ...

അകലെ അകലെ എന്റെ നാടിന്റെ ഈർപ്പമുള്ള മണ്ണിൽ നിന്നും തുടങ്ങണം.. മഴ നനഞ്ഞ് കിടക്കുന്ന മണ്ണിൽ ചവിട്ടി ചളി തെറുപ്പിച്ച് ഒറ്റയ്ക്ക് ഓടി കളിച്ചു നടന്നിരുന്ന ആ കുട്ടിയെ കാണണം... മഴയിൽ കുളിച്ചു നിൽക്കുന്ന ഗന്ധർവ്വരാജന്റെ ചില്ലയിൽ പിടിച്ചുകുലുക്കി പൂക്കളെയും മഴത്തുള്ളികളേയും ഏറ്റുവാങ്ങി കുതിർന്നു നിന്നിരുന്ന ആ കുട്ടിയേ...

തൊടിയിലൂടെ അമ്മമ്മയുടെ വാലായ് നടന്ന് പേരയ്ക്കയും കണ്ണിമാങ്ങയും നെല്ലിക്കയും ഒക്കെ കൈയിൽ ഒതുക്കിരുന്നത്... പറമ്പിലേ ഇടയ്ക്കുള്ള സന്ദർശകനായി അധികാരത്തോടെ ഇഴഞ്ഞു നീങ്ങുന്ന മഞ്ഞ ചേരയേ കണ്ട് നിലവിളിച്ച് ഓടിയിരുന്നത്... ഇതു വരെ കണ്ടിട്ടില്ല എങ്കിലും അതിരിന്റെ അറ്റത്തുള്ള മുളങ്കൂട്ടിൻ ചുവടെ ഒളിഞ്ഞിരിക്കുന്ന അണലി പാമ്പിനെ പേടിച്ചിരുന്നത്.. പകുതി പേടിയും പകുതി ഭക്തിയും ചേർന്ന് കാവിലും രക്ഷസ്സിനും തൊഴുകൈയോടെ നിന്നിരുന്നത്.. പൂജയ്ക്ക് ഒടുവിൽ പായസവും അപ്പവും അയൽപക്കത്തേക്കു പങ്കുവച്ചിരുന്നത്... ഒരുമിച്ചിരുന്നു കഴിച്ചിരുന്നത്... അങ്ങനെ അങ്ങനെ പലതും!!

മുക്കുറ്റി മഞ്ഞയെ ഇഷ്ടമുള്ള, മുടിയിൽ ചൂടുന്നതിനേക്കാൾ മുറ്റത്തു പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപൂക്കളെ സ്നേഹിച്ചിരുന്ന, തോട്ടിലേക്ക് കാലിട്ടിരുന്നു കുഞ്ഞുമീനുകളോട് കൂട്ടുകൂടിയിരുന്ന ആ കുട്ടിയെ കാണണം...

മഴയെ തോൽപ്പിക്കാൻ വരമ്പത്തുടെ ഓടി ഒടുവിൽ മഴ തോൽപിച്ച്  ,ആകെ നനഞ്ഞു,  വീട്ടിൽ കയറുമ്പോൾ കേട്ടിരുന്ന ചീത്തയുടെ കുളിരോർമ്മകൾ.. പനിച്ചൂടിൽ കിടക്കുമ്പോൾ കിട്ടിരുന്ന പൊടിയരി കഞ്ഞിയുടെ സ്വാദുള്ള ചൂടൊർമ്മകൾ.. മുറ്റത്തു തലയെടുപ്പോടെ നിൽക്കുന്ന ആ ഒറ്റമരം, ആ നെല്ലിമരത്തിൻ ചുവടെ കൂട്ടി വച്ച ഒരുപിടി തണലോർമ്മകൾ...

ഇന്നില്ല, ഉണ്ടോ എന്നുറപ്പില്ല പലതും.. അന്യമായ് തീർന്ന സ്വന്തങ്ങൾ!!! ചിലർ മണ്ണിന്റെ നനവിലേക്കിറങ്ങിരിക്കുന്നു.,ഒരു പിടി ചാരമായ്.. മുല്ല പൂക്കാൻ മറന്നു പോയിരിക്കുന്നു.. ഓടി കളിച്ച മുറ്റത്തിലും തൊടിയിലും കാടുകയറിയിരിക്കുന്നു.. തോട് വറ്റി പോയിരിക്കുന്നു... പാടവരമ്പുകളും അപ്രത്യക്ഷം.. എങ്കിലും നിൽപ്പുണ്ട് ആരേയോ കാത്ത് എന്റെ നെല്ലിമരം ഇപ്പോഴും, തല ഉയർത്തി തന്നെ...!

സമയം ആർക്കും പിടി തരാതെ ഓടികൊണ്ടേയിരിക്കുമ്പോൾ വന്നു ചേരുന്നുണ്ട്, പലതും പിന്നെയും ഓർമ്മകളായ്. ഇന്നിപ്പോ യാത്ര പറയാൻ പോലും സമയമില്ലാതെ അകന്നു പോവുന്ന ബന്ധങ്ങളും നാളെ കഥകളാകും, ഓർമ്മകളാകും..
തിരിച്ചറിവാണ്,അന്നത്തെ വളപ്പൊട്ടുകൾക്കും പാദസരകിലുക്കത്തിനും ഇന്ന് തിളക്കം കൂടുതലുണ്ട്. ചിലത് അങ്ങനെയാണ്, അകന്നു കഴിയുമ്പോൾ,സ്വന്തമല്ലാതെയാവുമ്പോൾ മധുരം തോന്നും.
നഷ്ടബോധം കലർന്ന മധുരം.
 ചവർപ്പു കലർന്ന മധുരം.
നല്ല നാടൻ നെല്ലിക്കയുടെ മധുരം!!!

Saturday, August 27, 2016

പൂത്തുലയാൻ മറന്ന എൻ്റെ ചെമ്പനീർ പൂവുകൾക്ക്...

യാത്രകളോട് എന്നും ഒരു ഇഷ്ടമുണ്ട്.പുറംകാഴ്ചകളിൽ സ്വയം നഷ്ടപെടുമ്പോൾ കിട്ടുന്ന ഒരു സുഖം.ആരോടും മിണ്ടാതെ ഇരിക്കുമ്പോഴും മനസ്സ് ആയിരമായിരം കഥകളിൽ ഒഴുകി നടക്കും.ചിലതു ചുണ്ടുകളിൽ ഒരു നേർത്ത അടയാളമാകും.ചിലതു കണ്ണിൽ ഒരു നനവായി മാറും.പ്രിയപ്പെട്ട ആരൊക്കെയോ,എന്തൊക്കയോ വീണ്ടും തൊട്ടരികിൽ എത്തും പോലെ...എന്നും പ്രിയപെട്ടതാകുന്നു ഈ യാത്രകൾ.

അപ്രതീക്ഷിതമായി ഇത്തവണ എൻ്റെ അരികിലേക്ക് പഴയ ഒരു സുഹൃത്ത് കൂടി എത്തി.വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോ സന്തോഷം അമ്പരപ്പ്,പിന്നെ അങ്ങനെ എന്തൊക്കയോ...നീട്ടിപരത്തി പേര് വിളിച്ചും പരസ്പരം ആദ്യ കാഴ്ചയിൽ തോന്നിയ മാറ്റങ്ങളുടെ കെട്ടഴിച്ചും പരിസരം മറന്നു ഒരു ബഹളം..പിന്നെ കല്യാണം, ജോലി,കുടുംബം ചർച്ചകൾ...ഒടുവിൽ എത്തി ചേർന്നത് ഭൂതകാലത്തിൻ്റെ വാതിൽക്കൽ തന്നെ..പഴയ ക്ലാസ്സ്‌റൂം,ടീച്ചേഴ്‌സ് ,ഫ്രണ്ട്‌സ് ഇരട്ടപ്പേരുകൾ,ആഘോഷങ്ങൾ...ചില പ്രിയപ്പെട്ട പേരുകൾ..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥകൾ..ചിരിച്ചും,പരിഭവിച്ചും കണ്ണീരണിഞ്ഞും പഴയ കുട്ടികളായി...ഒരു കൊളുത്തിവേലിവോടെ യാത്ര പറഞ്ഞു തീർന്നപ്പോഴും മനസ്സ് കൂടെ ഇല്ലാത്ത പോലെ..തിരക്കുകളോ,ജോലിയോ,വീടോ ഒന്നും മനസ്സിൽ വരുന്നില്ല.ഉള്ളത് പഴയ ആ വരാന്തയും,ക്ലാസ്റൂമും പിന്നെ കുറെ മുഖങ്ങളും മാത്രം.പ്രിയപ്പെട്ട കുറച്ചു മുഖങ്ങൾ...!


വീട്ടിലെത്തിട്ടും പതിവ് ജോലികളിലേക്കു പോയില്ല..പഴയ ഫോട്ടോഗ്രാഫ്സും അതിലും പ്രിയപ്പെട്ട ഓട്ടോഗ്രാഫ്സും തപ്പി എടുത്തു.ഓരോ താളും ഓരോ കഥകളായി.അതിൽ എല്ലാം നിറഞ്ഞു നിന്നിരുന്നു നിന്റെ പേര്.കണ്ണ് നിറയുമ്പോഴും ചിരിക്കാൻ എന്നെ പഠിപ്പിച്ചത് നീ ആയിരുന്നു.തനിച്ചിരിക്കാൻ വിടാതെ ബഹളങ്ങളിലേക്കു എന്നെ വലിച്ചു കൊണ്ടുപോയതും നീ ആയിരുന്നു..ഇന്ന് എല്ലാതും ചിരിയിൽ ഒതുക്കി പൊട്ടിത്തെറിച്ചു നടക്കുമ്പോഴും ഞാൻ തിരയുന്നതും നിന്നെ തന്നെ ആണ്..

ഇന്ന് വെറുതെ,ചിതലരിച്ചു തുടങ്ങിയ പഴയ പുസ്തകത്താളിൽ ഞാൻ എന്തോ തിരഞ്ഞു.കൈയിൽ തടഞ്ഞത്,ചിതലരിക്കാത്ത ഒരു ഓർമച്ചെപ്പാണ്.അത് എനിക്ക് തന്നത് നീയും..അതിൽ നിറയെ നമ്മൾ ചിരിച്ചു കളിച്ചു നടന്ന കാലത്തിന്റെ വളപ്പൊട്ടുകൾ ഉണ്ടായിരുന്നു.പൊട്ടിച്ചിരികൾ മുഴങ്ങി കേട്ട ആ വരാന്തകളുടെ ഓർമ്മകളും ,സങ്കല്പങ്ങളായി നീ പറഞ്ഞു തീർത്ത ഭ്രാന്തുകളും,നിൻ്റെ കണ്ണുകളിൽ നിറഞ്ഞ സ്നേഹവും ആയിരുന്നു.പിന്നെ നിൻ്റെ പിന്നീട് എൻ്റെയും  പ്രിയപ്പെട്ട ചെമ്പനീർ പൂവുകളും..

അന്നും,പറയാൻ പിന്നെയും എന്തൊക്കയോ ബാക്കി ഉണ്ടായിരുന്നു...ഇന്നും..!!പക്ഷേ മൗനം നമുക്കിടയിൽ വളരെ അധികം വളർന്നിരിക്കുന്നു.ഇല്ല,ആ കണ്ണികൾ അടർത്തി മാറ്റി പഴയ നീ ആവാൻ നിനക്കിനി കഴിയില്ല..പഴയ ഞാൻ ആവാൻ എനിക്കും..എവിടെയോ കുറെ അവശേഷിപ്പുകൾ ബാക്കി ഉണ്ട്,കാലം മറന്നുവച്ച കുറെ ഓർമ്മത്തുണ്ടുകൾ..

എല്ലാം വാരിക്കൂട്ടി വീണ്ടും പതിവ് പണികളിലേക്കു.."അല്ലെങ്കിലും ഇതൊക്കെ ഓർക്കാം എന്നലാതെ വേറെ കാര്യം ഒന്നുമില്ലലോ.ചിലനേരത്തു ഓർമകളും ശാപം തന്നെ ആണ്..ആവശ്യമില്ലാതെ കുത്തി നോവിക്കാൻ.."ഇങ്ങനെ ഒക്കെ പറഞ്ഞു പഠിപ്പിക്കാൻ നോക്കീട്ടും മനസ്സ് കേൾക്കുന്നില്ല..പുറത്തു മഴ നേർത്തു പൊടിയുന്നു..പിന്നെ തീവ്രത കൂടി പെരുമഴ ആകുന്നു..മനസ്സിലെ ചിന്തകളും..നിൻ്റെ ആ അട്ടഹാസം ഇപ്പോഴും കാതിൽ മുഴങ്ങുന്നു...അകത്തളങ്ങളിലും ..ഇടയ്ക്കു തോന്നും,ഈ പെരുമഴയത്തു മുഴങ്ങുന്ന ഇടി നിൻ്റെ പൊട്ടിച്ചിരി തന്നെ അല്ലേ എന്ന് ...സ്വർഗ്ഗത്തിന്റെ ഇടനാഴിയിൽ ഇരുന്നു നീ സങ്കല്പങ്ങൾ നെയ്തു കൂട്ടുന്നുണ്ടാവും അല്ലെ?കഥകൾ പറഞ്ഞും പൊട്ടിച്ചിരിച്ചും നീ അവിടെ നിറഞ്ഞു നിൽക്കുന്നുണ്ടാവും അല്ലേ? നിന്റെ ഓർമകളിൽ കൂടി ഞാനും...പറഞ്ഞതും പറയാതെ പറഞ്ഞതുമായ ആയിരം കഥകൾക്കിടയിൽ പറയാൻ മറന്നു പോയ ചില വാക്കുകളെ തേടുന്നു ഇന്ന് ഞാൻ..

നീ പോയതിൽ പിന്നെ പൂത്തുലയാൻ മറന്ന എൻ്റെ ചെമ്പനീർ പൂവുകളും..ഞാനും..നിൻ്റെ ഓർമകളും..



സവി....

Saturday, June 9, 2012

എന്‍റെ മഴ...

മഴ...
               ഓര്‍മകളില്‍ എന്നെ തലോടിയുറക്കുന്ന മാതൃ സ്പര്‍ശം...മറഞ്ഞു പോയ ഏതോ ഒരു കാലത്തിന്‍റെ  ഓര്‍മപെടുത്തല്‍...
         ഓട്ടിന്‍പുറത്ത് തെന്നി കളിച്ചു മണ്ണില്‍ വീണുടയുന്ന ഓരോ മഴത്തുള്ളികളും എന്നോട് ഓരോ കഥകള്‍ പറയുമായിരുന്നു...കുഞ്ഞുനാളിലെ മഴയ്ക്കായി  ഉള്ള കാത്തിരുപ്പ് അതിനു വേണ്ടി ആയിരുന്നു...പിന്നീട് എന്‍റെ സ്വപ്നങ്ങളെയും,മനസ്സിനെയും മഴവില്ലിന്ടെ വര്‍ണങ്ങലാക്കി  മാറ്റുമ്പോഴും മഴയുടെ തൂവല്‍സ്പര്‍ശം ഉണ്ടായിരുന്നു...പ്രണയം മഷി എഴുതിയ മിഴികള്‍ എന്നും എന്‍റെ പുലര്‍കാല സ്വപ്നങ്ങളില്‍ വിരുന്നു വന്നപോഴും കാതില്‍ കിന്നാരം പറഞ്ഞു മഴ എന്നോടൊപ്പം ഉണ്ടായിരുന്നു...ഒടുവില്‍ കാലത്തിന്‍റെ കറുത്ത തൂവലുകള്‍ വന്നു വീണപ്പോള്‍,എന്‍റെ  സ്വപ്നങ്ങളെ ഞാന്‍ മറന്നു വച്ചതും ഈ മഴത്തുള്ളികളില്‍ ആയിരുന്നു...


മഴ എനിക്ക് മുന്നില്‍ ഒരുപാട് മുഖങ്ങള്‍ ആയി മാറുന്നു...ഇടയ്ക്കു ഏറ്റവും അടുത്ത സുഹൃത്ത്‌...ഇടയ്ക്കു പ്രണയം തുളുമ്പുന്ന കവിതാ ശീലുകള്‍....ഇടയ്ക്കു അമ്മയുടെ വാത്സല്യം നിറഞ്ഞ കരസ്പര്‍ശം...ചിലപ്പോള്‍ ഓര്‍മകളെ തട്ടി ഉണര്‍ത്തുന്ന തൂവാനം... ചില നേരത്ത് മറവിയിലേക്ക് കൂട്ടികൊണ്ട് പോകുന്ന രാത്രിമഴ...

മണ്ണില്‍ മയങ്ങുന്ന പിതൃക്കള്‍ക്ക് ദാഹനീരായി...കാത്തിരിപ്പിന്ടെ കാണാ നൂലിഴയായി ....എങ്ങോ മറഞ്ഞ എന്‍റെ കിനാവുകളുടെ ഉണര്‍ത്തുപാട്ടായി...ഒരു വിളിപാടകലെ....എന്നും എന്‍റെ  മഴ...



Friday, March 2, 2012

ഒരിക്കല്‍ കൂടി....

ഒരിക്കല്‍ കൂടി....
വര്‍ഷങ്ങള്‍ക്കു ശേഷം.....
   ഓര്‍മകളിലെ നിറമുള്ള പാട്ടുകള്‍ക്ക് ശ്രുതി ചേര്‍ത്ത് മൂളിയ പഴയ കളിതട്ടിലേക്ക്.....
   ഇഷ്ടമോഹങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കിയ എന്‍റെ സ്വപ്നതീരതേക്ക്....
   ആഗ്രഹിച്ചതല്ല,ഈ തിരിച്ചു വരവ്....വന്നു ചേര്‍ന്നു..എല്ലാം നിയോഗം..!!!!!!
                   ഒരു ദിവസത്തെ ഇടവേളയില്‍ ഒരു മടക്കയാത്ര...ഓര്‍ക്കാനോ അതോ ഓര്‍മിക്കപെടാനോ?അറിയില്ല...ഓര്‍ത്തെടുക്കാന്‍ ഞാന്‍ വലതും മറന്നു പോയോ?? മറക്കാന്‍ എനിക്കത്ര എളുപ്പം സാധിക്കുമോ?ഉത്തരമറിയാത്ത ഒട്ടനവധി ചോദ്യങ്ങളുമായി ഞാന്‍ എന്‍റെ യാത്ര തുടങ്ങുന്നു.....ഈ നാടിന്റെ പച്ചപ്പും,ഗന്ധവും,ഇവിടത്തെ ഓരോ ദിനരാത്രങ്ങളും ഒരിക്കല്‍ എനിക്ക് പ്രിയപെട്ടതായിരുന്നു....വിട്ടകലുന്ന നിമിഷങ്ങള്‍ കഥകളായി മാറുമ്പോള്‍,കുറെ ഉത്തരങ്ങള്‍ മാത്രം ബാക്കി ആവുന്നു...ചോദ്യങ്ങള്‍ ഇല്ലാതെ തീര്‍ത്തും അനാഥരായ ഉത്തരങ്ങള്‍...!!!!
തുടക്കം എവിടെ നിന്നും ആകണം എന്നറിയില്ല..കഥയും കളിയും നിറഞ്ഞ ഒരു കാലത്തിലേക്ക്..അവിടെ നിറഞ്ഞു നിന്ന വാത്സല്യത്തിലേക്ക്....കുഞ്ഞോളവും കളിതുമ്പിയും കൂട്ടുകാരായ നല്ലകാലം....കാലമെന്ന ആല്‍മരത്തില്‍ നിന്ന് പിന്നെയും ദിനങ്ങള്‍ ഇലകളായി കൊഴിഞ്ഞു വീണു...മാറി വരുന്ന ഋതുക്കളും വര്‍ണങ്ങള്‍ നിറഞ്ഞ സ്വപ്നങ്ങളും ഉറ്റവരായി.പാടവരമ്പുകളും അരമതിലുകളും കഥപറയാനുള്ള  വേദികളായി...നാഗദേവതയും ഗന്ധര്‍വനും ഇടകെപ്പോഴോ പൂത്ത പാലമരവും ജീവനുള്ള കഥാപാത്രങ്ങളായി..അമ്പലമുറ്റത്തെ പ്രദക്ഷിണ വീഥികള്‍..ഇടവഴികളില്‍  നിറഞ്ഞു നിന്ന ചെമ്പക പൂക്കളുടെ  ഗന്ധം...ജീവിതത്തിന്റെ ഒഴുക്ക് പിന്നെയും..പതിഞ്ഞ കാലൊച്ചകളെ സ്വീകരിച്ച വഴിയോരങ്ങള്‍..സദാ ആരെയോ തിരയുന്ന കണ്ണുകള്‍...ഒന്നും പറയാതെ ഒന്നും കേള്‍കാതെ വെറുതെ വിരിഞ്ഞ പുഞ്ചിരി..എപോഴോ അറിയാതെ മുറുകുന്ന ഹൃദയതാളം..വിറയാര്‍ന്ന കൈകള്‍ക്ക് ചന്ദനത്തിന്റെ ഗന്ധം..തുളസി കതിരിന്റെ നൈര്‍മല്യം...ഇതെല്ലാം ഇന്ന് മാഞ്ഞു തുടങ്ങിയ അക്ഷരങ്ങള്‍ മാത്രം...പലര്‍ക്കും വായിച്ചു മടക്കിയ പുസ്തകത്തിലെ ഇരുണ്ട അദ്ധ്യായം...എനിക്കും!!!!
യാത്രകളില്‍ ഉണ്ടാവുന്ന പതിവ് വിരസത ഇന്നില്ല...ഈ മണ്ണിന്റെ ഈര്‍പ്പതിലേക്ക് പതിയെ...കാലൊച്ചകള്‍ ഇന്നും നനുത്തു പോകുന്നു...ഇടവഴികളില്‍ ഇപ്പോഴും ചെമ്പകം പൂത്തുലഞ്ഞു നില്കുന്നു...ഓര്‍മപെടുതലുകളായി...നാഗത്തറയും കല്പടവുകളും അനാഥമായി...പകലിനും രാത്രിക്കും ഇടയില്‍ അസ്വസ്ഥതയോടെ സന്ധ്യാദീപ്തി...ഇവിടെ ഉയരുന്ന നിശ്വാസങ്ങള്‍ക്കും പഴമയുടെ സ്പര്‍ശം..മാറാതെ മാറിയ പലതും..വ്യക്തികള്‍,ബന്ധങ്ങള്‍,കാഴ്ചപാടുകള്‍....മുന്നോട്ടുള്ള കാഴ്ചകളില്‍ എല്ലാം ഒരുപോലെ...പിന്തിരിഞ്ഞാല്‍ എല്ലാം അവ്യക്തം..സമാനതകള്‍ ഇല്ലാതെ..മാറ്റത്തിന്റെ അലയടികള്‍ മാത്രം..
ആഴ്നിറങ്ങുന്ന നിശബ്ദദയിലും ഉയരുന്നു ആയിരമായിരം കഥകള്‍...ഇരുട്ടിലും വീണിഴയുന്നു ഏതോ നിഴലുകള്‍...നിറങ്ങള്‍ മങ്ങിയ ഒരു കൊച്ചു മയില്‍‌പീലി തുണ്ട് എവിടെയോ കാത്തുകിടക്കുന്നു..കാതങ്ങള്‍ക്കു അപ്പുറം പെയ്തൊഴിഞ്ഞ മഴയുടെ മര്‍മരങ്ങളും ബാക്കിയാവുന്നു...
ഈ ഇടവേള ഇവിടെ തീരുമ്പോള്‍,..ഇന്നലകളില്‍ നിന്നും നാളയിലേക്ക് യാത്ര തുടങ്ങുമ്പോള്‍...മനസ്സും ഹൃദയവും മരവിച്ചു പോകുമ്പോള്‍...ആ കാലത്തെ വീണ്ടും വീണ്ടും പ്രണയിച്ചു പോകുന്നു....
വര്‍ഷങ്ങള്‍ക്കു ശേഷം...
ഒരിക്കല്‍ കൂടി.....
 ചന്ദന മണമുള്ള കൈകളാല്‍ നാഗത്തറയില്‍ വീണ്ടും ദീപം തെളിയിക്കാന്‍..കളഞ്ഞു പോയ മയില്‍പീലിക്കു നിറം നല്‍കാന്‍...ഇടവഴികള്‍ വെറുതെ കാത്തുനില്കാന്‍....
ഒരു മടക്ക യാത്ര....ആഗ്രഹികാത്ത ഒരു തിരിച്ചു വരവ്...മാറ്റൊരു നിയോഗം...!!!!

Friday, December 2, 2011

ജീവിതമേ... നന്ദി....

ലൈഫ്,...ജീവിതം  .... ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാന്‍വാസില്‍ കാണാമറയതിരുന്നു ആരോ വരച്ചു തീര്‍ക്കുന്ന രേഖ ചിത്രം.
രൂപം അറിയാതെ ഭാവം അറിയാതെ ഏതോ ചോദ്യത്തിനുള്ള ഉത്തരമാകാന്‍...അപ്രതീക്ഷിതമായ ഒരു നിറം പോലും ഭാവം മാറ്റുന്ന ചിത്രം...
ഓര്‍മകളില്‍ ഇടം കൊടുക്കാതെ മനസിന്‌ പുറത്തു നിര്‍ത്താന്‍ ശ്രമിച്ച ചില നിമിഷങ്ങള്‍...ഇന്ന് എന്നെ ഞെട്ടിച്ചു കൊണ്ട്,എന്നിലേക്ക്‌ വീണ്ടും..ഓര്‍മകളായി തന്നെ...ആ ഓര്‍മ്മകള്‍ വലിഞ്ഞു മുറുക്കിയപോള്‍ അഭയം തേടിയത് അക്ഷരങ്ങളിലാണ്‌..മനസ്സില്‍ ചിന്നിചിതറുന്ന വാക്കുകള്‍ അക്ഷരങ്ങളായില്ല...പൂര്‍ണവിരാമം...ഇല്ല പൂര്‍ണവിരാമങ്ങള്‍ ഇടയ്ക്കു തുടര്‍ച്ചയാവുന്നു..ഉത്തരം തേടാന്‍,ഉത്തരം നല്കാന്‍...!!!
   യാത്രകളില്‍ കൂട്ടിനെത്തുന്ന ചിന്തകള്‍കും ഇന്ന് നിറങ്ങളില്ല,വര്‍ണങ്ങള്‍ ഇല്ല...പഴയ മാധുര്യവും ഇല്ല...ഒരിക്കല്‍ കൂടി എല്ലാം അടുക്കി കൂട്ടണം...ചിതലരിച്ചവ കളയണം..പഴക്കം നോക്കി വേര്‍തിരിക്കണം..ഇനി ഒരിക്കല്‍ കൂടി മാത്രം..താളം തെറ്റി തുടങ്ങിയ സ്വരങ്ങള്‍ക്ക് വിട ചൊല്ലണം..കൈയില്‍ ഒതുങ്ങാത്ത മുദ്രകളെ മറക്കണം..ഒരിക്കല്‍ കൂടി എല്ലാം മനസ്സില്‍ നിറയട്ടെ...
                   വായിച്ചു മടക്കിയ പുസ്തകതാളിലെ വാക്യങ്ങള്‍ വീണ്ടും ഓര്‍മയില്‍..കഥാപാത്രങ്ങള്‍ വീണ്ടും മനസ്സില്‍..അജ്ഞാതനായ ഏതോ ഒരാള്‍ കുറിച്ചിട്ട അക്ഷരങ്ങള്‍...മരണത്തിന്റെ തണുത്ത ആവരണം പുല്‍കി തുടങ്ങിയ നായിക..വിധി തളച്ചിട്ട കിടക്ക വിട്ടു,മഞ്ഞില്‍ ഒഴുകി നീങ്ങാന്‍,മഴയില്‍ നനയാന്‍,ജീവിതത്തിന്റെ നിറകൂട്ടുകളില്‍ മുങ്ങി നിവരാന്‍ വെറുതെ കൊതിക്കുന്ന പാഴ്മനസ്സു...സ്നേഹിച്ചു കൊതി തീരാതെ അവളോട്‌ വിട പറയേണ്ടി വന്ന മറ്റൊരാള്‍...ജീവിതത്തിന്റെ അസ്തമന നേരത്തും അവളുടെ മനസ്സില്‍ നുരഞ്ഞു പൊങ്ങിയ വാക്കുകള്‍ക്കു കാതോര്‍ത്തു,അവളുടെ വൈകി പോയ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ കൂട്ടായി വേറെ ഒരാള്‍...ഈ ഒരു സായാഹ്നം ഒരികല്‍ കൂടി ആവര്‍തികില്ല എന്ന അവളുടെ തിരിച്ചറിവോടെ തിരശീല വീഴുന്ന ലേഖനം...മാസങ്ങള്‍ കഴിഞ്ഞിട്ട് മനസ്സില്‍ നിന്നും മായാതെ..ആ വരികള്‍,..മരണത്തിന്റെ ഫീല്‍...ആ സായാഹ്നം...
                       എന്റെ ജീവിതത്തില്‍ വന്നുപോയ ആരുടെയോ സാദൃശ്യം..ആരോ എന്റെ കാതില്‍ പറഞ്ഞ വാക്കുകള്‍..ആരുടെയോ കണ്ണില്‍ ഞാന്‍ കണ്ട ജീവിക്കാനുള്ള ആഗ്രഹം..ജീവിതത്തില്‍ വേനല്‍ മാറി ശിശിരം വരുമെന്ന പ്രതീക്ഷ...കാത്തിരുപ്പ്...ഒടുവില്‍ ശിശിരം വനെത്തും മുന്‍പ് നടനകന്ന കാല്പാടുകള്‍..തണുത്തുറഞ്ഞു മണ്ണിന്റെ ചൂടിലേക്ക് അമര്‍ന്നു...ഓര്‍മകളില്‍ വസന്തവും വേനലും വര്‍ഷവും ശിശിരവുമായി ഒളിമങ്ങാതെ ...ഓരോ സ്മരണയിലും ഒരു തുള്ളി കണീരിന്റെ കയ്പ്പുരസം മാത്രം..പിന്നെ ആ സായാഹ്നം ഇനി ഒരികലും ആവര്‍തികില്ല,എന്ന  തിരിച്ചറിവും....
                 വായിച്ചു മടകിയ മറ്റൊരു പുസ്തകതാളിലെ വരികള്‍ കൂടി ചേര്‍ക്കട്ടെ...പറിച്ചെറിയാന്‍ പറ്റാത്ത കുറെ അക്ഷരങ്ങള്‍,വാക്കുകള്‍,സ്വരങ്ങള്‍,മുദ്രകള്‍...പഴക്കം നോക്കി വേര്‍തിരികാന്‍ പറ്റാത്ത ആത്മബന്ധം..നിറങ്ങള്‍ മങ്ങിയാലും,വര്‍ണങ്ങള്‍ പൊഴിഞ്ഞാലും,മാധുര്യം മാഞ്ഞാലും,ചിതലരിചാലും,ഈ ചിന്തകള്‍ മരിക്കില്ല..
"നീ നല്‍കാന്‍ മടിച്ച പൂചെണ്ടുകള്‍ക്ക്...
എന്റെ വിളക്കില്‍ എരിയാത്ത ജ്വാലകള്‍ക്ക്..
എന്‍ മണ്ണില്‍ വീണോഴുകാത്ത മുകിലുകള്‍ക്കു...
എന്നില്‍ തളിര്കാതെ എന്നെ തഴുകാതെ 
എങ്ങോ മറഞ്ഞ ഉഷസന്ധ്യകള്‍...
ജീവിതമേ... നന്ദി...."

Tuesday, October 11, 2011

മൌനത്തിന്‍റെ കൈയൊപ്പ്‌...

മൌനത്തിന്‍റെ കൈയൊപ്പ്‌...
         വഴിയോര കാഴ്ചകള്‍ പോലും നനവ്‌ പടര്‍ത്തിയ മറ്റൊരു യാത്ര..വഴിയോരതല്ല,മറിച്ച് എവിടെയോ അലഞ്ഞു തിരിയുകയാണ് മനസ്സ് എന്നത് മറ്റൊരു സത്യം...നിശബ്ദമായ ആ വഴികളെ,യാത്രകളെ..വീണ്ടും വീണ്ടും ഞാന്‍ ഇഷ്ടപെടുന്നു...

         ഓരോ യാത്രയും ഒരായിരം ചിന്തകളെ എനിക്ക് സമ്മാനികാറുണ്ട്..ചിരി ഉണര്‍ത്തുന്ന,നനവ്‌ പടര്‍ത്തുന്ന,പേരറിയാത്ത  ഒരു തരി നൊമ്പരം പകരുന്ന ഒരുപാട് ചിന്തകള്‍...ഒത്തുചേരലിന്റെ വേര്‍പിരിയലിന്റെ അങ്ങനെ പലതിന്ടെയും...ഇന്നും പതിവ് തെറ്റിയില്ല...അലക്ഷ്യമായ മനസ്സ് ഇന്നും കൊണ്ട് തന്നു-ഒരായിരം നിറമുള്ള സ്വപ്‌നങ്ങള്‍...
          എന്തെ എല്ലാം ഇങ്ങനെ? എന്ന് പലവട്ടം ചോദിച്ചു-ഉത്തരം ഇല്ലാത്ത ചോദ്യം..മനസ്സില്‍ നുരഞ്ഞു പൊന്തിയ ഇത്തരം ചോദ്യങ്ങള്‍ക്ക് പേര് അന്വേഷികുകയായിരുന്നു ഞാന്‍..ഒടുവില്‍ ചേര്‍ത്ത് വെക്കുനതിന്ടെയും,നഷ്ടപെടലിന്ടെയും കഥ തുടര്‍ന്നപോള്‍ ആരോ കാതില്‍ പറഞ്ഞു-വിധി എന്ന്..ആ വികൃതികള്‍ തുടര്‍കഥയായി പിന്നെയും..
            മുറ്റത്ത്‌ നട്ടു വളര്‍ത്തിയ പനിനീര്‍ ചെടിയില്‍ ആദ്യത്തെ മുകുളം...സൂര്യനെ നോക്കി കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് ചുവന്ന അധരങ്ങള്‍ ദലങ്ങളായി ഒരു കുഞ്ഞു പൂവ്.

അതിന്‍റെ നെറുകയില്‍ ഉമ്മ വച്ച് മഞ്ഞു കണത്തിന്റെ വരവേല്‍പ്പ്..ആ പൂവിനു വേണ്ടി കാത്തിരുന്ന എത്രയോ നിമിഷങ്ങള്‍..ആ പൂവ് എനിക്കിത്രമേല്‍ പ്രിയപെട്ടതാവാന്‍ കാരണമെന്ത്..?എന്തോ..?അറിയില്ല...അറിയാന്‍ ശ്രമിച്ചില്ല...
            നടുമുറ്റത്ത്‌ തുളസിതറയോടു ചേര്‍ന്ന് സ്ഥാപിച്ച കല്‍വിളക്കില്‍ ദീപം നേര്‍ത്തു വരുന്നു...ഒരു ചെറിയ കാറ്റില്‍ അണയാവുന്ന നാളം..ജീവിതം പോലെ..മുകളില്‍ തിങ്ങി കൂടിയ കാര്‍മേഘം അണയാന്‍ പോകുന്ന തീജ്വാലയോടു യാത്ര പറയുകയാണോ?കാറ്റില്‍ ഇളകി ആടിയിട്ടും കെടാതെ പോരാടുന്ന ജ്വാല..കാര്‍മേഘ കൂട്ടത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കി ചിരിക്കുന്ന ചന്ദ്രബിന്ദു..ദൂരെ..

           മഴയും കാറ്റും എല്ലാം പ്രിയപെട്ടതാനെങ്കിലും അണയാന്‍ പോകുന്ന ദീപതിന്നോട് ഇന്നൊരു സ്നേഹം..മൌനമായി നില്‍കുന്ന തുളസി കതിരിനോട് ഒരു സഹതാപം..ചില നേരത്ത് മിണ്ടാന്‍ ആവാതെ പ്രതികരിക്കാന്‍ ആവാതെ പോകുനതും വേദന തന്നെ ആണ്.
       അസ്തമന ശോഭയിലെ ചക്രവാകതിന്ടെ മൌനം...
       മഴയെ കാത്തിരിക്കുന്ന വേഴാമ്പലിന്റെ മൌനം...
       പകലിനെ വേര്‍പിരിയുന്ന സന്ധ്യതന്‍ മൌനം...
        രാവിനോട്‌ യാത്ര ചൊല്ലുന്ന രാകിളിയുടെ മൌനം... 
ഇന്ന് ഞാനും മൌനത്തെ കൂട്ട് പിടിക്കുന്നു...കാത്തിരിപ്പിന്ടെ വേര്‍പിരിയലിന്റെ യാത്ര പറയലിന്റെ ...എന്തിന്റെയോ മൌനം....

മറ്റൊരു യാത്രയും അവസാനിച്ചിരിക്കുന്നു...സ്വപ്ന ജീവിതം മനോഹരമാകിയവര്‍ക്ക് നന്ദി..ഇനിയും എത്രെയോ യാത്രകള്‍...എത്രയോ ചിന്തകള്‍...കാത്തിരിക്കാം....